ധാക്ക: വൈദ്യുതി നല്കിയ വകയിൽ ബംഗ്ലാദേശ് കുടിശികയായിരുന്ന തുകയിൽ 384 മില്യണ്‍ ഡോളർ അദാനി പവറിന് അടച്ചതായി റിപ്പോർട്ട്. ജൂണ്‍ 27 വരെ ബംഗ്ലാദേശ് അടയ്ക്കേണ്ടിയിരുന്നത് 437 മില്യണ്‍ ഡോളറായിരുന്നു. ഇതിലെ 384 മില്യണ്‍ ഡോളറാണ് അടച്ചുതീർത്തത്.
2022ലെ റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഇറക്കുമതിച്ചെലവുകൾ വർധിച്ചതും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടിലേക്ക് നയിച്ച ആഭ്യന്തര രാഷ്ട്രീയ പ്രക്ഷുബ്ധതയും രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ഞെരുക്കിയതിനാൽ, 2017ലെ കരാർ പ്രകാരമുള്ള പണമടയ്ക്കൽ ബാധ്യതകൾ നിറവേറ്റുന്നതിൽ ബംഗ്ലാദേശ് ബുദ്ധിമുട്ടി.
മാർച്ച് 31 വരെയുള്ള കുടിശിക പൂർണമായും ബംഗ്ലാദേശ് അടച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യുതിവിതരണത്തിലെ കുടിശിക പെരുകിയതോടെ കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശിനുള്ള വൈദ്യുതിയിൽ അദാനി പവർ പകുതിയായി കുറച്ചിരുന്നു. ഈ വർഷം മാർച്ചിൽ കുടിശിക തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതുവരെ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ ബില്ലുകളിലായി ബംഗ്ലാദേശ് അടച്ചത് 1.5 ബില്യണ്‍ ഡോളറാണ്. കൃത്യമായി കുടിശിക അടച്ചു തീർത്താൽ പിഴത്തുക ഒഴിവാക്കാമെന്ന് അദാനി പവർ സമ്മതിച്ചിരുന്നു.
2017ൽ ഷേഖ് ഹസീന സർക്കാരുമായി ഒപ്പുവച്ച കരാർ പ്രകാരം ജാർഖണ്ഡിലെ ഗോഡ വൈദ്യുതി പ്ലാന്റിൽനിന്നുള്ള വൈദ്യുതി അടുത്ത 25 വർഷത്തേക്ക് ബംഗ്ലാദേശിന് നല്‍കണം.
ആഭ്യന്തര കലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും രൂക്ഷമായതോടെയാണ് ബംഗ്ലാദേശിന്റെ തിരിച്ചടവ് മുടങ്ങിയത്. എൻടിപിസിയും പിടിസി ഇന്ത്യ ലിമിറ്റഡും ഉൾപ്പെടെ മറ്റ് ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിൽക്കുന്നുണ്ട്.